Wednesday, 19 December 2012

എന്‍ ജീവിത യാത്രയില്‍..

ചില്ലിട്ടടച്ച നിന്‍ മനസ്സിന്‍
ജാലകപാളികള്‍ തുറക്കാമോ
എകാന്തമാം മനസ്സില്‍
മൗനത്തില്‍ സമ്മതം മൂളിടാമോ
ചോര പൊടിയും കയ്യാലെ
തിലകക്കുറി ഒന്ന് ചാര്‍ത്തിടാം
പ്രണയത്തില്‍ കുതിര്‍ന്ന തൂവാല
നിനക്കായ് ഞാന്‍ നല്‍കിടാം
മകരമഞ്ഞില്‍ കുളിക്കും രാവുകള്‍
നിനക്കായ്‌ ഞാന്‍ കാത്തിരിക്കാം
നിഴലായി നീ വന്നിടുമോ
എന്‍ ജീവിത യാത്രയില്‍..

സ്ത്രീ അമ്മയാണ്,മകളാണ്,സഹോദരിയാണ്,ഭാര്യയാണ് എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ സ്ത്രീ  പിച്ചിച്ചീന്തപ്പെടുന്നു.
കടലാസ്സുതുണ്ടിന്റെ വിലപോലുമില്ല ഇന്ന് സ്ത്രീയുടെ മാനത്തിന്...!!!"പണ്ടുള്ളവര്‍ പറയും പോലെ കാലം പിഴച്ച കാലം"
ഓടുന്ന വണ്ടിയിലും കാമത്താല്‍ ജ്വലിക്കുന്ന കണ്ണുകള്‍..
വെട്ടി തിളങ്ങും കണ്ണാടി പ്രതലത്തിന്‍ പിന്നിലും..
ചതിക്കുഴി ഒരുക്കുന്ന കൈകള്‍...
ദൈവമേ നമ്മുടെ നാട്.........

Monday, 17 December 2012

ചതിക്കപ്പെടുന്ന പ്രവാസി.

അച്ഛനും അമ്മയും അവളുമടങ്ങിയ ഒരു കൊച്ചു കുടുംബം.വാടക വീട്ടിലാണെങ്കിലും ഉള്ളത് കൊണ്ട് സുഖമായി ജീവിക്കുന്ന സന്തോഷകാലം.ആ ജീവിതം കണ്ട് അസൂയ തോന്നി കാണും ദൈവത്തിന്‌. ഒരു ദിവസം ജോലിക്ക് പോയ അച്ഛന്‍ തിരിച്ചു വന്നത് വെള്ളപഞ്ഞിക്കെട്ടുപോലെ മൂടിപ്പുതച്ചായിരുന്നു,ആ കാഴച്ച കണ്ടു തളര്‍ന്ന് വീണ അമ്മ പിന്നെ ഉണര്‍ന്നില്ല,അവളുടെ അമ്മയും അച്ഛന്റെ കൂടെ യാത്രയായി.ജീവിതം അവളുടെ മുന്‍പില്‍ ഒരുചോദ്യ ചിഹ്നമായി  നിന്നു.ശൂന്യതയിലേക്ക് കണ്ണുനട്ട് ഒരു പ്രതിമ പോലെ അവളിരുന്നു.ആരോ വന്നു അവളുടെ കൈ പിടിച്ച് മുന്‍പോട്ടു നടന്നു അനുസരണയുള്ള കുട്ടിയെ പോലെ പിന്നാലെ അവളും.ആ നടത്തം അവസാനിച്ചത് അവളുടെ അമ്മാവന്റെ അടുക്കളയിലായിരുന്നു,അന്നു മുതല്‍ ആ വീട്ടിലെ വേലക്കാരിയായി മാറി അവള്‍,പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍ എന്നിട്ടും  ഒരു വര്ഷം അവളറിയാതെ പോയി.കാരണം ആ അടുക്കളയില്‍ നിന്ന് പുറം ലോകത്തേക്ക് നോക്കാന്‍ സമയം ഉണ്ടായിരുന്നില്ല അവള്‍ക്ക്. പത്താം ക്ലാസ്സില്‍ 90 ശതമാനം മാര്‍ക്കോടെ പാസ്സായ അവളെ അമ്മാവന്റെ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ വണ്ണിനു ചേര്‍ത്തി.കാലത്ത് 3 മണിക്ക് എഴുന്നേറ്റ് അടുക്കള പണി മുഴുവനും തീര്‍ത്ത് അവള്‍ ക്ലാസ്സില്‍ പോയി തുടങ്ങി.നല്ല മാര്‍ക്കോട് കൂടി തന്നെ അവിടെയും അവള്‍ പാസ്സായി,നാഴ്സ്സിങ്ങിനു പോവണമെന്ന അവളുടെ ആഗ്രഹത്തിന് എന്തുകൊണ്ടോ അവര്‍ എതിര്‍ത്തില്ല.നഴ്സ്സിങ്ങ് കഴിഞ്ഞ് വിദേശത്ത് ഒരു ആശുപത്രിയില്‍ അവള്‍ക്ക് ജോലിയും കിട്ടി.ഇതിനിടെ നാട്ടിലുള്ള ഒരു കച്ചവടക്കാരന്‍ അവളെ വിവാഹവും കഴിച്ചു.വിദേശത്ത് പോയ അവളുടെ മനസ്സില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ നല്ല ഒരു വീട് വെക്കണം ഭര്‍ത്താവിനും ഒരു ജോലി ശരിയാക്കി അവള്‍ കൊണ്ട് പോയി. വര്‍ഷങ്ങള്‍ കടന്നു പോയി,ഇതിനിടയില്‍ അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു,വീട് എന്ന മോഹവും സഫലമായി......പിന്നിട് അവരെ അലട്ടിയിരുന്ന പ്രശ്നം ഇനി വിദേശത്തേക്ക് തിരിച്ചു പോവുമ്പോള്‍ "വീട് ആരെ ഏല്‍പ്പിക്കും"പൂട്ടിയിട്ടു പോയാല്‍ വീട് നശിച്ചു പോവും,അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി വീട് വാടകയ്ക്ക് കൊടുക്കുക.അങ്ങിനെ ഒരു വര്‍ഷത്തെ കരാര്‍ എഴുതി വീട് വാടകയ്ക്ക് കൊടുത്തു.മറ്റുള്ള കാര്യങ്ങളും കൂടെ അവരുടെ കാറും ഒരു ബന്ധുവിനെ ഏല്‍പ്പിച്ചു.വര്ഷം ഒന്ന് കഴിഞ്ഞു നാട്ടിലേക്ക് വരാനോ കരാര്‍ പുതുക്കുവാനോ അവര്‍ക്ക് കഴിഞ്ഞില്ല (കാശിനോടുള്ള മനുഷ്യന്റെ ആര്‍ത്തി അങ്ങിനെയാണേല്ലോ) നാട്ടിലുള്ള ബന്ധുവിനെ വിളിച്ചു കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ പറഞ്ഞു അയാള്‍ എല്ലാം സമ്മതിക്കുകയും ചെയ്തു,വര്ഷം വിണ്ടും ഒന്ന് കഴിഞ്ഞ്  അവര്‍ നാട്ടിലെത്തിപ്പോഴാണ് അറിയുന്നത് അവര്‍ക്ക് കയറി കിടക്കാന്‍ വീടില്ലെന്ന സത്യം..അവര്‍ എല്ലാം ഏല്‍പ്പിച്ച ബന്ധുവും സ്ഥലത്തില്ല.വാടകക്കാരോട് കമ്മിഷന്‍ വാങ്ങി കരാര്‍ പുതുക്കാതെ മറ്റു കാര്യങ്ങള്‍ ഒന്നും ചെയ്യാതെ അവര്‍ ഏല്‍പ്പിച്ച കാറും വേറെ ഒരാള്‍ക്ക് വാടകയ്ക്ക് കൊടുത്ത് മൊത്തം കാശും വാങ്ങി ബന്ധു സ്ഥലം വിട്ടു.കഷ്ട്ടപ്പെട്ട് വിദേശത്ത് കിടന്നു മണിമാളിക പണിത്തിട്ട് നാട്ടില്‍ വന്നിട്ട് വാടകയ്ക്ക് താമസിക്കേണ്ട ഗതികേടായി ഇവര്‍ക്ക്....ഇത് ഇവര്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല.നാട്ടില്‍ വീട് വാടകയ്ക്ക് കൊടുത്ത് വരുന്ന മിക്ക പ്രവാസിക്കും പറ്റുന്ന അമളിയാണ്‌...സമയത്തിന് ഒന്നും ചെയ്യാതെ നമ്മള്‍ മറ്റുള്ളവരെ എല്ലാം ഏല്‍പ്പിക്കുന്നു അതോടു കൂടി നമ്മുടെ ബാദ്ധ്യത കഴിഞ്ഞു എന്ന് കരുതുന്നത് വെറുതെയാണ്..പണത്തിന്റെ ആര്‍ത്തി മൂത്ത ചതിയുടെ ഈ ലോകത്ത് നമ്മള്‍ ആരെയാണ് വിശ്വാസിക്കേണ്ടത്? ദൈവമേ നിനക്ക് സ്‌തുതി...

Thursday, 6 December 2012

മതം,ജാതി,സംഘടന, സമ്പത്ത്


മതം,ജാതി,സംഘടന, സമ്പത്ത് .എന്നിവയുടെയെല്ലാം. പേരില്‍ തല്ലി പിരിയുകയാണ് മനുഷ്യര്‍.എന്തിനു വേണ്ടി?ആര്‍ക്ക് വേണ്ടി?ഓരോ മനുഷ്യനും ഓരോ സ്വഭാവമുണ്ട്,ഇഷ്ടങ്ങളുണ്ട്.പലവിധത്തിലുള്ള ഇഷ്ടങ്ങളാണ് പലര്‍ക്കും അത് വ്യക്തികളാവാം,സ്ഥലങ്ങളാവാം,നിറങ്ങളും,വിഭവങ്ങളുമാവാം..രക്ത ഗ്രൂപ്പിനനുസരിച്ച്പോലും സ്വഭാവത്തിലും സമീപനത്തിലും വ്യത്യാസങ്ങളുണ്ടെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.സൃഷ്ടിപ്പില്‍ തന്നെ ഓരോ തരം പ്രകൃതിയോടെയാണ് നാഥന്‍ നമ്മെ രൂപപ്പെടുത്തിയിട്ടുള്ളത്.ശരീരത്തിനും, സൗന്ദര്യത്തിനും വ്യത്യാസമുള്ളതുപോലെ താല്പര്യങ്ങള്‍ക്കും, കാഴ‍ച്ചപ്പാടിനും,ഇഷ്ടങ്ങള്‍ക്കും വ്യത്യാസങ്ങളുണ്ട്...ഓരോ മനുഷ്യനെയും ഇഷ്ടപ്പെടാനും ഉള്‍ക്കൊള്ളാനും ഉള്ളു തുറന്ന്‍ പൂഞ്ചിരിക്കാനും സഹവസിക്കാനും നമ്മുക്ക് കഴിയണം( ഒരു സൂര്യന്റെ കിരണമേറ്റ്  ഒരു മണ്ണില്‍,ഒരേ മഴ നനഞ്ഞു വളരുന്ന മരങ്ങളും ചെടികളും ഇവയില്‍ ഉണ്ടാവുന്ന പൂക്കളുടെ നിറവും,മണവും,സൗന്ദര്യവും വ്യത്യാസ്തമാണ്)കാരുണ്യവാനും മഹാനുമായ നാഥന്‍ തന്ന ഈ ജീവിതം എല്ലാവരെയും സ്നേഹിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ട്  നല്ല മനുഷ്യരായി നമ്മുക്ക് ജീവിച്ചു കൂടെ?

Monday, 3 December 2012

സ്വര്‍ണ്ണവും,കാറും കൂടെ ഒരു പി.ജി സീറ്റും.!!!

ഒരു മാതാവ്‌ പത്ത് മാസം ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച് (പുതിയ തലമുറയുടെ കാര്യമല്ല കേട്ടോ അവര്‍ക്ക് അതിനുള്ള ക്ഷമയും സമയവുമില്ല.യുഗം ഫാസ്റ്റല്ലേ അതിനനുസരിച്ച് മനുഷ്യനും ചലിക്കുന്നു..അതുകൊണ്ട് ഒരു ഗുണമുണ്ട് ഭര്‍ത്താവിന്റെ പോക്കറ്റ്‌ കാലിയാവും ആശുപത്രിക്കാരുടെ വലിപ്പ് നിറയുകയും ചെയ്യും)അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ വളരും തോറും ആധിയാണ് മാതാപിതാക്കള്‍ക്ക്. അവളെ വിവാഹം ചെയ്തു വിടുന്ന കാര്യം ഓര്‍ത്തല്ല പേടി, പിഴച്ച ലോകത്തില്‍ നിന്ന്(കാമത്താല്‍  ജ്വലിക്കുന്ന കണ്ണുകളില്‍ നിന്ന് )എങ്ങിനെ രക്ഷപ്പെടുത്തി എടുക്കുമെന്ന് ആലോചിച്ച്!!.ആ പെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയാണെങ്കില്‍ അവളെ നല്ലനിലയില്‍ തന്നെ പഠിപ്പിക്കുന്നു,സ്വഭാവികമായി അവളും എന്‍ട്രന്‍സ് എന്ന എക്സാം എഴുതുന്നു മെറിറ്റില്‍ തന്നെ പ്രവേശനം കിട്ടുന്നു,പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചു മാതാപിതാക്കള്‍ അവളെ പഠിപ്പിക്കുന്നു,അങ്ങിനെ ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു.അപ്പോഴേക്കും വിവാഹാലോചനകള്‍ നടക്കുന്നു.....ഇവിടെയാണ്‌ രക്ഷിതാക്കള്‍ ശരിക്കും പുലിവാല്‍ പിടിക്കുന്നത്.ഡോക്ടര്‍ ആവുമ്പോള്‍ ഒരു ഡോക്ടറെ തന്നെ എടുക്കണമല്ലോ(ഓരോരുത്തരുടെ ഇഷ്ടം പോലെ)പക്ഷെ ഡോക്ടര്‍ക്ക് ഡോക്ടറെ കിട്ടണമെങ്കില്‍ സാധാഎം.ബി.ബി.എസ്ഉള്ള പയ്യന് പി.ജി എടുക്കുവാനുള്ള കാശ് പെണ്ണിന്‍റെ വീട്ടുകാര്‍ കൊടുക്കണം,കൂടെ കുറഞ്ഞത് നൂറു പവനും ഒരു കാറും, ,ഇല്ലെങ്കില്‍ ഡോക്ടറായ പെണ്ണിന് ഡോക്ടറായ പയ്യനെ കിട്ടില്ല..നമ്മുടെ നാട്ടില്‍ വ്യാപകമായി നടക്കുന്ന തരംഗമാണിത്..നോക്കണേ കാലത്തിന്‍റെ ഒരു പോക്ക്,കഷ്ടപ്പെട്ട് പെണ്‍മക്കളെ ഒരു ഡോക്ടറാക്കിയാലും പോര ഭാരിച്ച സ്വര്‍ണ്ണവും,കാറും കൂടെ ഒരു പി.ജി സീറ്റും.!!.

Sunday, 2 December 2012

കോപം നാശഹേതു..


കോപം: ഒരുപാട്ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയുംരാഷ്ട്രങ്ങളെയും വരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുസ്വഭാവം. കോപിക്കുവാനും കഴിവനുസരിച്ചു അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും. എന്നാല്‍ കോപത്തെ അടക്കി നിര്‍ത്താനും മാപ്പ് നല്‍കുവാനും കഴിവുള്ളവര്‍ വളരെ വിരളമാണ്‌. എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കി നിര്‍ത്താനും മാപ്പുനല്കുവാനും കഴിയുന്നവനാണ് യഥാര്‍ഥത്തില്‍ ശക്തന്‍. അവന് ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവന്‍ ദുഖിക്കേണ്ടി വരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും..

Saturday, 24 November 2012

ഒരു കൊച്ചു കുട്ടിയുടെ വീക്ഷണം

ഇന്നലെ  വൈകുന്നേരം കുവൈറ്റിലെ ഒരു റോഡിലൂടെ നടന്നു വരുമ്പോള്‍ കണ്ടൊരു കാഴ്ച. റോഡില്‍ നിറയെ വാഹങ്ങള്‍.റോഡ്‌ മുറിച്ചു കടക്കാന്‍ വേണ്ടി എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍ കയ്യില്‍ അവന്‍ കഴിച്ച ലെയ്സിന്റെ കാലി  കവറും പെപ്സിയുടെ ഒഴിഞ്ഞ കേനുംപിടിച്ചു നില്‍ക്കുന്നു. എനിക്കും റോഡ്‌ മുറിച്ച് കടന്നു വേണം പോകാന്‍. ഞാന്‍ നടന്നു അവന്റെ അടുതെത്തി. കുശലങ്ങള്‍ ചോദിച്ചു. എന്തിനാ ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന്‍  പറഞ്ഞു, അവന്‍ നില്‍ക്കുന്ന ഭാഗത്ത് വേസ്റ്റ് ബാസ്കെറ്റ് ഇല്ല. അവന്റെ കയ്യിലുള്ള വേസ്റ്റ് എതിര്‍ ഭാഗത്തുള്ള വേസ്റ്റ് ബാസ്കറ്റില്‍ കൊണ്ട് പോയി ഇടണമെന്ന്.എനിക്കൊരു ഐഡിയ തോന്നി, ഞാന്‍ അവനോടു ചോദിച്ചു, ഇത് കേരളത്തില്‍ ആയിരുന്നെങ്കില്‍ മോന്‍ എന്ത് ചെയ്യുമായിരുന്നു?അപ്പോള്‍അവന്‍ പറയുകയാണ് "ആന്റി കേരളത്തില്‍ റോഡില്‍ തന്നെയല്ലേ വേസ്റ്റ് ഇടുന്നത്. അവിടെ എവിടയാ വേസ്റ്റ് ബാസ്കെറ്റ് ഉള്ളത്". അവന്‍ വീണ്ടും നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. അവനൊരു കൊച്ചു കുറുമ്പനാണെന്ന് എനിക്ക് തോന്നി !! അവന്‍ പറഞ്ഞു തുടങ്ങി. ഒരിക്കല്‍ വെക്കേഷനില്‍ നാട്ടില്‍ പോയപ്പോള്‍ അവനും കൂട്ടുകാരനും അടുത്തുള്ള കടയില്‍ പോയി കേക്ക് വാങ്ങി വരുമ്പോള്‍ ആരോ വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ ചവിട്ടി അവന്റെ കൂട്ടുകാരന്‍ വീണു തല പൊട്ടി  stitch ഇടേണ്ടി വന്നെന്ന്. പിന്നെയും അവന്‍ പറഞ്ഞു തുടങ്ങി. നാട്ടില്‍ അവന്റെ അടുത്ത വീട്ടിലെ ആന്റി,അവരുടെ വീട്ടിലെ front place ലെ (അവന്‍ ഉദ്ദേശിച്ചത് മുറ്റമാണ്)  leaf pick ചെയ്ത് (അവന്‍ പറയുന്നത് മുറ്റം അടിച്ചു വാരല്‍ ആണെന്ന് എനിക്ക് മനസ്സിലായി)  front ലെ  road അല്ല ആളുകള്‍ നടക്കുന്ന long way (ഇടവഴിയാണ് അവന്‍ ഉദ്ദേശിക്കുന്ന സ്ഥലം) അങ്ങോട്ട്‌ കളയും. അത് ചീത്ത  habit അല്ലെ ആന്റി? ആ കുട്ടിയുടെ ചോദ്യം കേട്ട് സത്യത്തില്‍ ഞാന്‍ അമ്പരന്നു പോയി. കുട്ടികള്‍ക്ക് വഴികാട്ടിയാവേണ്ട നമ്മള്‍ ഇങ്ങനെ ചെയ്‌താല്‍ വരും തലമുറയും ഈ രീതി തന്നെ പിന്തുടരില്ലേ? ഇവിടെ ആരാണ് മാറേണ്ടത്? നമ്മുടെ കൊച്ചു കേരളം (gods own country എന്ന് വിശേഷിപ്പിക്കുന്ന) വരും തലമുറ വെറുപ്പോടെ നോക്കിക്കാണുന്ന പ്രദേശമായി മാറുമോ?    


Thursday, 22 November 2012

പൈതല്‍..


എന്‍ കുഞ്ഞു പൈതലേ കരയാതെ 
അമ്മതന്‍ ചാരത്ത് നിന്നാലും 
നിനക്കായി ഞാന്‍ നല്‍കിടാം  
പച്ചപ്പിന്‍ നിറമുള്ള 
കുഞ്ഞിലകള്‍.